ഫിനാൻഷ്യൽ മാനേജ്മെന്റിന്റെ അടിസ്ഥാന ഉദ്ദേശമെന്താണ്? പരമാവധി പണമുണ്ടാക്കുക എന്നതല്ലേ?
അതോടൊപ്പം, ഭാവിയിലേക്ക് പണം കരുതി വയ്ക്കൽ, വിദ്യാഭ്യാസം,വസ്തു വാങ്ങൽ, വിദേശ യാത്ര, വിരമിക്കൽ ആസൂത്രണം ചെയ്യൽ തുടങ്ങിയ നമ്മുടെ വ്യക്തിപരമായ ധനകാര്യ ലക്ഷ്യങ്ങളും കൈവരിക്കാൻ കഴിയണം.
ധനകാര്യ ആസൂത്രണം എന്നത് സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണ്. നിരന്തരമായ നിരീക്ഷണവും അവലോകനവും ഓരോ ഘട്ടത്തിലും ആവശ്യമുള്ള ഒന്നാണിതെങ്കിലും അടിയന്തര സന്ദർഭങ്ങളിൽ പണമില്ലാത്ത അവസ്ഥ വരാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ഉചിതമായ രീതിയിൽ പണം ചിലവിടുന്നതിനും നിക്ഷേപിക്കുന്നതിനും ശ്രദ്ധയോടെയുള്ള ആസൂത്രണം ആവശ്യമാണ് .
ബുദ്ധിപൂർവമുള്ള ആലോചനയും ഗവേഷണവും ബഡ്ജറ്റ് തയ്യാറാക്കലുമെല്ലാം അതിനാവശ്യമാണ്.
ഇന്ത്യ പോലൊരു രാജ്യത്ത് വിജയകരവും സാമ്പത്തിക ഭദ്രതയുള്ളതുമായ ഒരു ഭാവിക്ക് ധനകാര്യ ആസൂത്രണത്തിന്റെ അനിവാര്യതയെ കുറിച്ച് നിങ്ങൾ മനസ്സിലാക്കിയിരിക്കണം.
സാമ്പത്തിക ഭദ്രതയിലേക്കും ശേഷിയിലേക്കും എത്തണമെങ്കിൽ നിങ്ങളുടെ പണം നിങ്ങൾ എങ്ങനെ ചിലവിടുന്നു, നിക്ഷേപിക്കുന്നു, ഉപയോഗിക്കുന്നു എന്നതെല്ലാം ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ വ്യക്തിഗത ധനകാര്യം ആസൂത്രണം ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ് ?
എന്തുകൊണ്ട് നിങ്ങൾക്കത് ചെയ്തുകൂടാ? ഇതൊക്കെ അതിസമ്പന്നരായ ആളുകൾ മാത്രം ചെയ്യേണ്ട കാര്യമാണെന്നാണ് നിങ്ങൾ വിചാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി.
ഒരു നല്ല ധനകാര്യ ആസൂത്രണ പദ്ധതി ഉണ്ടാക്കാൻ നിങ്ങൾ സമ്പന്നനാവണമെന്ന് ഒരു നിർബന്ധവുമില്ല. മറിച്ച്, നിങ്ങൾ ശരിയായി ധനകാര്യ ആസൂത്രണം നടത്തിയാൽ തുടക്കത്തിൽ ഉള്ളതിനേക്കാൻ സാമ്പത്തികമായി ഉയരാൻ നിങ്ങൾക്ക് സാധിക്കും.
അതുകൊണ്ടു തന്നെ, നിങ്ങൾ മാസാമാസം സാമ്പത്തിക സഹായം തേടുന്ന ഒരു കോളേജ് വിദ്യാർത്ഥിയോ അല്ലെങ്കിൽ ഒരു ജീവനക്കാരനോ അവിവാഹിതനോ അതുമല്ലെങ്കിൽ കുറഞ്ഞ ആസ്തി മാത്രം കൈമുതലായുള്ള ഒരു വീട്ടുസൂക്ഷിപ്പുകാരനോ ആവട്ടെ, ധനകാര്യ ആസൂത്രണം ആവശ്യമാണ്.
എന്നിട്ടും നിങ്ങൾക്ക് ബോധ്യമാവുന്നില്ലെങ്കിൽ, നിങ്ങളുടെ ധനകാര്യ ആസൂത്രണം ശരിക്കും പ്രതിഫലിക്കുന്ന ചില മേഖലകൾ നോക്കുക:
1. വരുമാനം കൈകാര്യം ചെയ്യൽ
2. മൂലധനം
3. മെച്ചപ്പെട്ട ധനവിനിയോഗം
4. നിക്ഷേപങ്ങൾ
5. കുടുംബത്തിന്റെ സുരക്ഷ
6. വിലപ്പെട്ട അറിവ്
7. അടിയന്തരാവശ്യങ്ങൾക്കായുള്ള സേവിങ്സ്
8. സ്ഥിരമായുള്ള പിന്തുണ
ഇവയെല്ലാം ധനകാര്യ ആസൂത്രണത്തിലൂടെ മുൻഗണനാക്രമത്തിൽ ആസൂത്രണം ചെയ്യുന്നതാവണം നിങ്ങളുടെ പദ്ധതി.
ആസൂത്രണം ആണ് ഫിനാൻഷ്യൽ മാനേജ്മെന്റിന്റെ ആദ്യഘട്ടം. ഈ കാര്യത്തിൽ ചില മേഖലകൾക്ക് നിങ്ങൾ മുൻഗണന കൊടുക്കേണ്ടതുണ്ട്.
1. സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടാക്കുക
യാഥാർത്ഥ്യ ബോധത്തോടെ ഹ്രസ്വകാല-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടാക്കേണ്ടത് ഭാവിയിൽ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ അനിവാര്യമാണ്.
ഇത് നിങ്ങളെ നിങ്ങളുടെ പണവും ഭാവി ജീവിതവും കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല പ്രാപ്തനാക്കുന്നത്. നിങ്ങളുടെ ലക്ഷ്യങ്ങൾ സമയത്തിന് മുന്നേ തന്നെ കൈവരിക്കും വിധം നിങ്ങളുടെ ചിലവുകൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്നത് മനസ്സിലാക്കാനും നിങ്ങൾക്ക് കഴിയും.
സാമ്പത്തിക ലക്ഷ്യങ്ങളുടെ അഭാവത്തിൽ,നിങ്ങളുടെ ചിലവ് നിങ്ങളുടെ ബഡ്ജറ്റ് കവിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് പണം കയ്യിലില്ലാത്ത അവസ്ഥ ഒഴിവാക്കാനായി ആദ്യം വേണ്ടത് നിങ്ങളുടെ ധനകാര്യ സ്ഥിതിക്ക് അനുയോജ്യമായ ലക്ഷ്യങ്ങളുണ്ടാവുക എന്നതാണ്.
2. നിങ്ങളുടെ ധനകാര്യ സ്ഥിതി
ഒരു ഹ്രസ്വകാല, ഇടക്കാല, ദീർഘകാല സാമ്പത്തിക ലക്ഷ്യ പദ്ധതി രൂപീകരിച്ച് കഴിഞ്ഞാൽ, സാമ്പത്തിക ഭദ്രതയിലേക്കുള്ള യാത്രയിൽ നിങ്ങൾ എവിടെഎത്തി നിൽക്കുന്നു എന്ന് നിങ്ങൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയും.
നിങ്ങളുടെ ധനകാര്യ സംബന്ധമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത്, ധനകാര്യ സ്ഥിതി വിശകലനം ചെയ്യാൻ കഴിയുന്ന ധാരാളം സോഫ്റ്റ് വെയറുകൾ ഇന്ന് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. അതുമല്ലെങ്കിൽ, നിങ്ങളുടെ നിലവിലെ സ്ഥിതി വിശകലനം ചെയ്യാനായി ഒരു വിദഗ്ദ്ധന്റെ സഹായം നിങ്ങൾക്ക് തേടാവുന്നതാണ്.
3. നികുതി ആസൂത്രണം
നികുതി സംബന്ധമായ കാര്യങ്ങൾ ധനകാര്യ ആസൂത്രണവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ഒരു നിക്ഷേപകൻ/ നിക്ഷേപക അവന്റെ/ അവളുടെ നികുതി ബാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പരിഗണിക്കാതെ ഒരു സാമ്പത്തിക ആസൂത്രണവും സാധ്യമല്ല.
നികുതി ആസൂത്രണം ചെയ്യുമ്പോൾ നിങ്ങളുടെ ധനകാര്യ സ്ഥിതിയെ കുറിച്ചുള്ള ഗവേഷണവും കാര്യക്ഷമമായ നികുതി അടവിന്റെ ഒരു കാഴ്ചപ്പാടും ആവശ്യമാണ്.
ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ ഓരോരുത്തരുടെയും സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള നികുതി ഇളവുകളും ആനുകൂല്യങ്ങളും നൽകപ്പെടുന്നുണ്ട്.
ചിലവുകളും നിക്ഷേപവും ഉചിതമായി കൈകാര്യം ചെയ്ത്, നികുതി ബാധ്യതകൾ കുറയ്ക്കുകയാണെങ്കിൽ ധാരാളം പണം നിങ്ങൾക്ക് സേവ് ചെയ്യാൻ കഴിയും.
4. നിങ്ങളുടെ വിരമിക്കൽ പദ്ധതി
വിരമിക്കൽ ആസൂത്രണം ചെയ്യാനൊന്നും സമയമായിട്ടില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും. പക്ഷെ കുറച്ചു വർഷങ്ങൾക്ക് ശേഷമോ ഒരു പതിറ്റാണ്ടിനു ശേഷമോ നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി തന്നെ തുടരുമെന്ന കാര്യത്തിൽ 100% ഉറപ്പ് പറയാൻ കഴിയില്ല.
നിങ്ങളുടെ വിരമിക്കൽ ആസൂത്രണവും അതിനനുസരിച്ചുള്ള ധനകാര്യ ആസൂത്രണവും എത്ര നേരത്തേയാവുന്നോ അത്രയും നല്ലതാണ്.
ഒരു ഫണ്ട് രൂപീകരിക്കുന്നത് നിങ്ങൾക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷയും മനഃസമാധാനവും നൽകും.
പെൻഷൻ ആസൂത്രണത്തിലെ ആദ്യ ഘട്ടം നിങ്ങൾ വിരമിക്കുന്ന പ്രായം നിർണയിക്കലാണെങ്കിൽ, അടുത്ത ഘട്ടം, നിങ്ങളുടെ തുക എവിടെ നിക്ഷേപിക്കും എന്നതും എങ്ങനെ നിക്ഷേപിക്കും എന്നതുമാണ്.
നിങ്ങൾ ഇതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെങ്കിൽ ഭയപ്പെടേണ്ടതില്ല. നേരത്തെ ആസൂത്രണം തുടങ്ങുന്നതാണ് നല്ലത്. വൈകും തോറും ബുദ്ധിമുട്ടുകൾ കൂടും.
5. ധന ശേഖരണത്തിനായുള്ള ലക്ഷ്യങ്ങൾ
ലഭ്യമായ എല്ലാ വിഭവങ്ങളുമുപയോഗിച്ച് നിങ്ങളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനെയാണ് നിക്ഷേപ ആസൂത്രണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
സമർത്ഥമായ നിക്ഷേപം ധന വർദ്ധനവിലേക്ക് നയിക്കുകയും ഉയർന്ന ജീവിത നിലവാരത്തോട് കൂടിയ ഒരു ഭാവി നിങ്ങൾക്ക് സാധ്യമാക്കുകയും ചെയ്യും.
കൂടാതെ,വരുമാനം, ചിലവുകൾ, കടം, നികുതി ബാധ്യതൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ഒരു നല്ല സമീപനവും അത് സാധ്യമാക്കുന്നു.
നിക്ഷേപ ആസൂത്രണത്തിന് പിന്തുണയായി ഒരു നല്ല ധനകാര്യ ആസൂത്രണം ആവശ്യമാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അതിന് തുടക്കമിടാനാവും.
വിവാഹം, വിദ്യാഭ്യാസം, കുടുംബം, അവധിക്കാലം ചിലവഴിക്കൽ, അടിയന്തര ആവശ്യങ്ങൾ തുടങ്ങി ഓരോന്നിനും ഒരു പുതിയ നിക്ഷേപ ആസൂത്രണം ആവശ്യമാണ്.
നിങ്ങളുടെ പണം സേവ് ചെയ്യൽ
ഇനിയാണ് രണ്ടാം ഘട്ടം, അതായത് നിങ്ങളുടെ പണം സേവ് ചെയ്യൽ. പണം സേവ് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം അത് നിങ്ങളുടെ ഒരു ശീലമാക്കി ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ്.
1. നിങ്ങൾ സമ്പാദിക്കുന്നതിലും കുറവ് തുക ചിലവാക്കുക
നിങ്ങൾ സമ്പാദിക്കുന്ന തുക എത്ര കൂടുതലോ കുറവോ ആവട്ടെ, ചിലവാക്കുന്ന പണം അതിലും കൂടുതലാണെങ്കിൽ മുന്നോട്ടുള്ള പോക്ക് പ്രയാസമാകും.
സ്വയം നിയന്ത്രിക്കാനും നിലവിലുള്ളത് കൊണ്ട് തൃപ്തിപ്പെടാനും പഠിക്കുക. ചിലവ് കുറയ്ക്കുക വഴി ഒരുപാട് പണം നിങ്ങൾക്ക് പെട്ടെന്നു സേവ് ചെയ്യാൻ കഴിയും.
2. നിങ്ങളുടെ ചിലവ് നിയന്ത്രിക്കുന്നതിനായ് ഒരു ബഡ്ജറ്റ് ഉണ്ടാക്കുക
സ്വതന്ത്രമായ ബഡ്ജറ്റിംഗ് പ്രോഗ്രാമുകൾ ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കുന്ന നിരവധി ഓൺലൈൻ ടൂളുകളും ആപ്പുകളും ലഭ്യമാണ്.
നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിൽ നിന്നുമുള്ള വരവ്-ചിലവ് കണക്കുകളും പണമിടപാടുകളും നിങ്ങളുടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തണം.
നിങ്ങളുടെ ചിലവുകൾ വർഗീകരിച്ച് ഏത് മേഖലയിലാണ് ചിലവ് ചുരുക്കേണ്ടതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന നിരവധി ടൂളുകളും സോഫ്റ്റ് വെയറുകളും ലഭ്യമാണ്.
ഒരു ബഡ്ജറ്റിംഗ് പദ്ധതിയുടെ അഭാവത്തിൽ നിങ്ങളുടെ പണം എവിടെയാണ് പോകുന്നതെന്നോ അത് എങ്ങനെ നിയന്ത്രിക്കാമെന്നോ മനസ്സിലാക്കൽ ബുദ്ധിമുട്ടാണ്.
3. 50/30/20 റൂൾ
ബഡ്ജറ്റ് ഉണ്ടാക്കുന്നതും സേവ് ചെയ്യുന്നതും നിങ്ങൾക്ക് പ്രയാസകരമായി തോന്നുന്നുണ്ടെങ്കിൽ, 50/30/20 റൂൾ പരീക്ഷിച്ച് നോക്കാം. നിങ്ങളുടെ ലാഭം നിർണയിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.
- ഭക്ഷണം, പാർപ്പിടം, പൊതു സേവനങ്ങൾ, ആരോഗ്യ ഇൻഷുറൻസ് മുതലായ ആവശ്യങ്ങൾക്ക് 50%
- ഭക്ഷണം, ഷോപ്പിംഗ്, വിനോദങ്ങൾ മുതലായ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് 30%
- എമർജൻസി ഫണ്ട്, കോളേജ് ഫണ്ട്, പെൻഷൻ സ്‌കീം എന്നിങ്ങനെ നിങ്ങളുടെ വരുമാനത്തിന്റെ 20% സേവിങ്‌സിലേക്ക് പോകണം.
4 . കടം ഒഴിവാക്കുക
സോഷ്യൽ മീഡിയ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്ന ഈ വേഗതയേറിയ കാലത്ത് നമ്മളെല്ലാവരും ഉയർന്ന നിലവാരത്തിലുള്ള ഒരു ജീവിതമാണ് പിന്തുടരുന്നത്.
നമ്മളെല്ലാം ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നവരും, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരും, വൻകിട ഹോട്ടലുകളിൽ താമസിക്കുന്നവരും, യാത്രയ്ക്കായി കാർ മുതൽ SUV-കൾ വരെ ഉപയോഗിക്കുന്നവരും, ഉപയോഗിക്കുന്ന ഡിവൈസുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നവരും ആണ്.
പലപ്പോഴും, ഈ തരത്തിലുള്ള ജീവിത ശൈലി പിന്തുടരാൻ പ്രയാസമുള്ളവരും കഷ്ടപ്പെട്ട് അതിനായി ശ്രമിക്കുന്നത് കാണാം. ഇത് കടം വരുത്തിവയ്ക്കുന്നതിലേക്ക് നയിക്കുന്നു.
നിങ്ങൾക്ക് കഴിയാവുന്നിടത്തോളം കാലം കടങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് നല്ല സമീപനം. എന്നാൽ നിങ്ങൾ ഒരു കടക്കെണിയിൽ അകപ്പെടുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിന് പോറലേൽക്കാത്ത വിധം അതിൽ നിന്നും കരകേറാൻ ഒരു ധനകാര്യ ഉപദേശകന്റെയോ വായ്പാ വിദഗ്ദ്ധന്റെയോ സഹായം തേടാവുന്നതാണ്.
നിക്ഷേപവും നിങ്ങളുടെ ധനകാര്യ പോർട്ട്ഫോളിയോയുടെ രൂപീകരണവും
ധനകാര്യ വ്യവസായത്തിന്റെ ഇന്നത്തെ നിലയനുസരിച്ച് നന്നായി ക്രമീകരിച്ച ഒരു ധനകാര്യ പോർട്ട്ഫോളിയോ നിക്ഷേപകന്റെ നേട്ടങ്ങൾ പ്രവചിക്കുന്നതിൽ പ്രധാനമാണ്.
സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും റിസ്ക് നേരിടാനുള്ള ശേഷി വർദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്ന ഏത് നിക്ഷേപകനും പോർട്ട്ഫോളിയോ, ഭാവി മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നു എന്നുറപ്പാക്കണം.
നിങ്ങളുടെ നിക്ഷേപ പദ്ധതിക്ക് അനുയോജ്യമാം വിധം ധനകാര്യ പോർട്ട്ഫോളിയോ ക്രമീകരിക്കുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ ക്രമാനുഗതമായ വളർച്ചയ്ക്ക് ആവശ്യമാണ്.
ഇന്ത്യ ഇപ്പോൾ ധനകാര്യ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ നിക്ഷേപ സാധ്യതകൾ ഇന്നുണ്ട്. ഒന്നുകിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ പണം സൂക്ഷിക്കാം, അല്ലെങ്കിൽ താഴെ പറയുന്നവയിൽ നിക്ഷേപിക്കാം:
- മ്യൂച്വൽ ഫണ്ടുകൾ
- ഇൻഷൂറൻസ് പദ്ധതികൾ
- ഇക്വിറ്റിയും സ്റ്റോക്കുകളും
- സേവിങ്‌സും ഫിക്സഡ് ഡെപ്പോസിറ്റുകളും
- വസ്തു, ഭൂമി, ഉപകരണങ്ങൾ മുതലായ സ്ഥിര ആസ്തികൾ
- ഫിക്സഡ് ഡെപ്പോസിറ്റുകളും, പബ്ലിക് പ്രോവിഡന്റ് ഫണ്ടും (PPF) ചെറിയ സേവിങ്സ് അക്കൗണ്ടുകളും
- ചരക്കുകൾ
- ഡിജിറ്റൽ ഗോൾഡ്
ഇവ ഓരോന്നിലും അനുയോജ്യത, നിക്ഷേപ ചെലവ്, അപകടസാധ്യത, റിട്ടേൺ പൊട്ടൻഷ്യൽ മുതലായ മാനദണ്ഡങ്ങൾ പരിഗണിക്കണം.നിക്ഷേപ സംബന്ധമായ തീരുമാനങ്ങൾ എടുക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിൽ വയ്ക്കുക:
- നന്നായി പഠിച്ച ശേഷം ശ്രദ്ധിച്ച് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക
- ചെറിയ സമയത്തിനുള്ളിൽ വലിയ ലാഭം വാഗ്‌ദാനം ചെയ്യുന്ന ക്വിക്ക്-മണി തട്ടിപ്പുകളിൽ പെടാതിരിക്കുക
- നിശ്ചിത സമയം കൂടുമ്പോൾ നിങ്ങളുടെ സ്റ്റോക്കും മ്യൂച്വൽ ഫണ്ടുകളും അവലോകനം ചെയ്യുക
- നിങ്ങളുടെ നിക്ഷേപ റിട്ടേണുകളുടെ നികുതി അടവ് പരിഗണിക്കുക
- നിങ്ങൾക്ക് പരിചയമില്ലാത്ത സങ്കീർണമായ നിക്ഷേപങ്ങൾ ഒഴിവാക്കുക
ചുരുക്കി പറഞ്ഞാൽ, ഒരു വ്യക്തിക്ക് അവന്റെ/അവളുടെ വരുമാനവും നിക്ഷേപങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ഉള്ള ഏക മാർഗ്ഗമാണ് ധനകാര്യ ആസൂത്രണം.
ധനകാര്യ ആസൂത്രണം നിങ്ങളെ സൗകര്യപൂർവം ജീവിക്കാനും നിങ്ങളെ ആശ്രയിക്കുന്നവർക്ക് ഉയർന്ന ജീവിത നിലവാരത്തോടെയുള്ള ജീവിതം ആസ്വദിക്കാനും സഹായിക്കുന്നതോടൊപ്പം വേവലാതികളില്ലാത്ത ജീവിതം വിരമിച്ച ശേഷവും തുടരാനായി സേവ് ചെയ്യലും സാധ്യമാക്കുന്നു.