നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഓൺലൈനിൽ ഫയൽ ചെയ്യുന്നതെങ്ങനെ എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണോ? വിഷമിക്കേണ്ട, നിങ്ങളെ സഹായിക്കാൻ Jar ഉണ്ട്. നിങ്ങളുടെ എല്ലാ സംശയങ്ങളും മാറ്റുന്നതിന് ഘട്ടം ഘട്ടമായുള്ള ഗൈഡ് ഞങ്ങൾ ലഭ്യമാക്കുന്നു.
പേരിൽ നിന്ന് മനസ്സിലാകുന്നത് പോലെ, ആദായ നികുതി വകുപ്പിന്റെ പോർട്ടൽ ഉപയോഗിച്ച് ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന പ്രക്രിയയാണ് ആദായ നികുതി ഇ-ഫയലിംഗ്. റിട്ടേൺ ഫയൽ ചെയ്യുന്നത് ഇനി മുതൽ പ്രയാസകരമല്ല. പഴയത് പോലെ സമയമെടുക്കുകയുമില്ല.
നീണ്ട വരിയിൽ നിൽക്കുന്നതും അവസാന തീയതിക്ക് മുമ്പ് നികുതി ഫയൽ ചെയ്യാൻ കഴിയാതെ വരുമ്പോഴുള്ള മാനസിക സമ്മർദ്ദവും ഇനി ഒരു പ്രശ്‌നമേയല്ല. നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ ഇരുന്ന് നിങ്ങളുടെ സൗകര്യാർത്ഥം വളരെ കുറച്ച് സമയത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്യാൻ ഓൺലൈൻ ഫയലിംഗ് അനുവദിക്കുന്നു.
നമുക്ക് ആരംഭിക്കാം:
ആരാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്?
ഇന്ത്യയിൽ പണം സമ്പാദിക്കുന്നവരോ ശമ്പളം വാങ്ങുന്നവരോ ആയ എല്ലാവർക്കും ആദായ നികുതി ബാധകമാണ്. (നിങ്ങൾ ഇന്ത്യയിൽ സ്ഥിരതാമസമുള്ളവരാണെങ്കിലും NRI ആണെങ്കിലും ഇത് ബാധകമാണ്.)
എന്നാൽ നിങ്ങൾ ഇനിപ്പറയുന്നവരിൽ ഉൾപ്പെടുന്നവരാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ല:
a) 60 വയസ്സിൽ താഴെയുള്ള, ₹ 2,50,000-ൽ കുറവ് വാർഷിക വരുമാനം ഉള്ളവർ.
b) 60-നും 80-നും ഇടയിൽ പ്രായമുള്ള (മുതിർന്ന പൗരന്മാർ), ₹3,00,000-ൽ കുറവ് വാർഷിക വരുമാനം ഉള്ളവർ.
c) 80 വയസ്സിൽ കൂടുതലുള്ള, ₹ 50,000-ൽ കുറവ് വാർഷിക വരുമാനം ഉള്ളവർ.
എന്തിനാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്?
ആദായ നികുതി റിട്ടേണുകൾ സമയോചിതമായി ഫയൽ ചെയ്യേണ്ടതിന് നിരവധി കാരണങ്ങളുണ്ട്:
1. പിഴ ഒഴിവാക്കുക
ഓരോ സാമ്പത്തിക വർഷത്തിലും, യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും നികുതികൾ അടച്ചിരിക്കണം. നികുതികൾ അടച്ചില്ലെങ്കിൽ 50,000 രൂപ വരെ പിഴ ഈടാക്കിയേക്കാം.
2. നിങ്ങളുടെ നികുതികളുടെ റീഫണ്ട് അഭ്യർത്ഥിക്കുക
നികുതി ദാതാവ് സർക്കാരിന് അധികമായി പണമടച്ചിട്ടുണ്ടെങ്കിൽ അവർക്ക് നികുതി റീഫണ്ട് ലഭിക്കുന്നു. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെ നിങ്ങൾ അധികമായി അടച്ച നികുതിയുടെ റീഫണ്ട് നേടാനാകും.
3. വരുമാനത്തിന്റെയും വിലാസത്തിന്റെയും രേഖ
നിങ്ങളുടെ വിലാസവും വരുമാനവും പരിശോധിച്ചുറപ്പിക്കാനുള്ള രേഖകളിൽ ഒന്നായി നിങ്ങളുടെ ആദായ നികുതി റിട്ടേൺ സർക്കാർ അംഗീകരിക്കുന്നു. അതിനാൽ അവശ്യ ഘട്ടങ്ങളിൽ ഇത് സഹായകരമായി ഉപകരിക്കും. നിങ്ങളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സൗകര്യപ്രദമായ ഒറ്റ ലൊക്കേഷനിൽ ട്രാക്ക് ചെയ്യാൻ ഇ-ഫയലിംഗ് സൈറ്റ് അനുവദിക്കുന്നു. ഇത് കൂടുതൽ സുരക്ഷിതവും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്. ബാങ്കിലോ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾക്കോ വരുമാന രേഖയായി നിങ്ങൾക്ക് ഇ-ഫയലിംഗ് റെക്കോർഡ് പ്രയോജനപ്പെടുത്താം.
4. ലോൺ എളുപ്പത്തിൽ ലഭ്യമാകുന്നു
നിങ്ങൾ ഒരു വാഹന ലോണിനോ (2 വീലർ അല്ലെങ്കിൽ 4 വീലർ) ഹോം ലോണിനോ അപേക്ഷിക്കുകയാണെങ്കിൽ, ലോണിനുള്ള അപേക്ഷ വേഗത്തിൽ അംഗീകരിക്കാൻ സഹായിക്കുന്നതിന് മിക്ക ബാങ്കുകളും വായ്‌പാ സ്ഥാപനങ്ങളും നിങ്ങളുടെ ആദായ നികുതി റിട്ടേണിന്റെ പതിപ്പ് ആവശ്യപ്പെടാം.
5. നഷ്‌ടം വരികയാണെങ്കിൽ അടവ് വരും വർഷങ്ങളിലേക്ക് മാറ്റി വയ്ക്കാം
കഴിഞ്ഞ വർഷം ബിസിനസിലുണ്ടായ നഷ്‌ടങ്ങൾ തിരിച്ച് പിടിക്കണമെന്നുണ്ടോ? ആദായ നികുതി ഫയൽ ചെയ്യുന്നതിലൂടെ നിങ്ങൾക്കിത് സാധ്യമാണ്.
6. വിസകൾ വേഗത്തിൽ ഇഷ്യൂ ചെയ്യുന്നു
വിസക്കായി അപേക്ഷിക്കുമ്പോൾ, മിക്ക എംബസികളും കോൺസുലേറ്റുകളും കഴിഞ്ഞ 2 വർഷത്തെ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടേക്കാം. വിസ അപേക്ഷയുടെ നടപടിക്രമങ്ങൾ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ നികുതി റിട്ടേൺ ഡോക്യുമെന്റുകൾ ലഭ്യമായ രീതിയിൽ സൂക്ഷിക്കുക.
7. സ്റ്റാർട്ടപ്പുകൾക്കായുള്ള ഫണ്ടിംഗ്
VC-കളിൽ നിന്നോ എയ്ഞ്ചൽ നിക്ഷേപകരിൽ നിന്നോ പണം കണ്ടെത്തണമെന്നുണ്ടോ? നിങ്ങളുടെ എല്ലാ ആദായ നികുതി റിട്ടേണുകളും അപ് ടു ഡേറ്റായിരിക്കണം. നിരവധി നിക്ഷേപകർ നിങ്ങളുടെ ബിസിനസിന്റെ കാര്യക്ഷമതയും ലാഭസാധ്യതയും ചെലവുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളും വിലയിരുത്താൻ ആദായ നികുതി റിട്ടേൺ പരിശോധിക്കുന്നു.
ആദായ നികുതി റിട്ടേൺ ഓൺലൈനിൽ ഫയൽ ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ആദായ നികുതി റിട്ടേൺ നിങ്ങൾക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും ഫയൽ ചെയ്യാമെങ്കിലും കൂടുതൽ എളുപ്പമുള്ളതും പേപ്പർ ഫയലിംഗ് പ്രക്രിയയെക്കാൾ വേഗത്തിൽ പൂർത്തിയാക്കാവുന്നതുമായ രീതിയാണ് ഇ-ഫയലിംഗ്. പേപ്പർ ഉപയോഗിച്ച് ആദായ നികുതി ഫയൽ ചെയ്യുന്ന പ്രക്രിയ മുഷിപ്പിക്കുന്നതും ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതുമായിരുന്നു.
നികുതി ദാതാക്കൾക്ക് ഇ-ഫയലിംഗ് വലിയ അനുഗ്രഹമായി മാറി. നികുതി റീഫണ്ടുകൾക്കുള്ള പ്രക്രിയ പോലും വളരെ വേഗത്തിലായി എന്ന് മാത്രമല്ല അവ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും പൂരിപ്പിക്കാനുമാകും.
നിങ്ങളുടെ നികുതികൾ ഓൺലൈനിലൂടെ അടയ്ക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഇതാ:
● എല്ലാ ബാങ്ക് ലോണുകൾക്കും അപേക്ഷിക്കാൻ വ്യക്തിക്ക് യോഗ്യത ലഭിക്കുന്നു
● ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്, മൂന്നാം കക്ഷി ഇൻഷുറൻസ് ക്ലെയിമുകളുടെ പ്രോസസിംഗിന് സഹായിക്കുന്നു.
● ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന ഒരു വ്യക്തി ഇന്ത്യയ്ക്ക് പുറത്തുള്ള വിസ അപേക്ഷിക്കുമ്പോൾ അവരുടെ ഇമിഗ്രേഷൻ പ്രൊഫൈലിന് പ്രാമുഖ്യം ലഭിക്കുന്നു.
● LIC/GIC, മറ്റ് സർക്കാർ ഏജൻസികൾ അല്ലെങ്കിൽ പൊതു/സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന കവറേജുള്ള പോളിസി നേടാൻ സഹായിക്കുന്നു.
● ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് എളുപ്പത്തിൽ സ്റ്റാർട്ടപ്പ് ഫിനാൻസ് നേടാനാകും.
● സർക്കാർ കരാറുകളിൽ ഏർപ്പെടാൻ യോഗ്യത നേടാനും പാനലുകളുടെ ഭാഗമാകാനും കഴിയും.
ITR ഫയൽ ചെയ്യാൻ എന്തൊക്കെ രേഖകൾ ആവശ്യമാണ്?
സാലറി സ്ലിപ്പുകൾ, ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് പാസ്‌ബുക്ക്, ആധാർ കാർഡ്, PAN കാർഡ് എന്നിവയ്ക്ക് പുറമെ, നിങ്ങളുടെ ആദായ നികുതി റിട്ടേൺ പൂർത്തിയാക്കാനുള്ള പ്രക്രിയ ആരംഭിക്കാൻ ചുവടെയുള്ള പേപ്പറുകൾ കൂടി ആവശ്യമാണ്:
1. ഫോം 16: നിങ്ങളുടെ തൊഴിൽദാതാവിൽ നിന്നാണ് ഈ ഡോക്യുമെന്റ് ലഭിക്കുന്നത്, നിങ്ങളുടെ ശമ്പളത്തെ കുറിച്ചും ഉറവിടത്തിൽ നിന്ന് കുറച്ച നികുതിയെ കുറിച്ചുമുള്ള (TDS) വിവരങ്ങളാണ് ഇതിലുള്ളത്.
2. ഫോം 16A: ഫിക്‌സഡ് അല്ലെങ്കിൽ റിക്കറിംഗ് ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച പലിശയിൽ നിന്ന് കുറച്ച TDS-നെ കുറിച്ചുള്ള വിവരങ്ങളാണ് ഈ ഫോമിലുള്ളത്.
3. ഫോം 16B: നിങ്ങളൊരു പ്രോപ്പർട്ടി വിൽക്കുമ്പോൾ വാങ്ങിയയാളിൽ നിന്ന് നിങ്ങൾക്ക് ലഭിച്ച തുകയിൽ ബാധകമാക്കിയ TDS-നെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ ഫോമിലുള്ളത്.
4. ഫോം 16C: നിങ്ങളുടെ വാടക്കക്കാരിൽ നിന്ന് വാടക ഇനത്തിൽ ലഭിച്ച തുകയുടെ TDS വിശദാംശങ്ങളാണ് ഈ ഫോമിൽ രേഖപ്പെടുത്തുന്നത്.
5. ഫോം 26AS: നിങ്ങളുടെ PAN നമ്പർ അടിസ്ഥാനമാക്കി, നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടെയും സമഗ്രമായ പ്രസ്‌താവനയാണിത്. നിങ്ങളുടെ തൊഴിലുടമ, ബാങ്ക് അല്ലെങ്കിൽ നിങ്ങൾക്ക് പണം നൽകിയ മറ്റെല്ലാ സ്രോതസ്സിന്റെയും TDS ഇതിൽ ഉൾപ്പെടുന്നു.
അടച്ച മുൻകൂർ നികുതികൾ അല്ലെങ്കിൽ സ്വയം നിർണ്ണയ നികുതികൾ, 80C മുതൽ 80U വരെയുള്ള വകുപ്പുകളിൽ നിർദ്ദേശിച്ചിട്ടുള്ള കിഴിവുകൾ പോലെ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ (ലൈഫ് ഇൻഷുറൻസ് പോളിസി, ടേം പ്ലാൻ മുതലായവ) എന്നിവയെല്ലാം ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഞാൻ ഫയൽ ചെയ്യേണ്ട ITR ഫോം ഏതാണ്?
വിവിധ വിഭാഗങ്ങളിലുള്ള വ്യക്തികൾക്കും വരുമാന ഉറവിടങ്ങൾക്കും ഏഴ് വ്യത്യസ്‌ത തരങ്ങളിലുള്ള ITR ഫോമുകളാണുള്ളത്. ലഭിക്കുന്ന വരുമാനത്തിന്റെ തരം അടിസ്ഥാനമാക്കി, ആദായ നികുതി വകുപ്പ് വ്യത്യസ്‌ത ഫോമുകൾ നികുതി ദാതാവിന് ലഭ്യമാക്കുന്നു:
1. ITR – 1: 50 ലക്ഷം വരെ ആകെ വരുമാനമുള്ള സ്ഥിരതാമസക്കാർക്ക് മാത്രം വേണ്ടിയുള്ളതാണ് ഈ ഫോം (NRI-കൾക്കോ HUF-കൾക്കോ മറ്റ് സ്ഥാപനങ്ങൾക്കോ ലഭ്യമല്ല). ഇനിപ്പറയുന്ന വിഭാഗങ്ങളിൽ നിന്നായിരിക്കണം വരുമാനം ലഭിക്കേണ്ടത്:
a) ശമ്പളം/പെൻഷനിൽ നിന്നുള്ള വരുമാനം
b) ഒരു ഭവന ആസ്തിയിൽ നിന്നുള്ള വരുമാനം
c) മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം
2. ITR – 2: ബിസിനസ്, തൊഴിൽ എന്നിവ അല്ലാത്ത ഉറവിടങ്ങളിൽ നിന്ന് വരുമാനമുള്ള, ITR – 1 സമർപ്പിക്കാൻ യോഗ്യതയില്ലാത്ത വ്യക്തികളും HUF-കളും ITR-2 ഫോം ഉപയോഗിക്കണം.
3. ITR – 3: ബിസിനസിലൂടെയോ തൊഴിലിലൂടെയോ പണം സമ്പാദിക്കുന്ന ആളുകൾക്കും HUF-കൾക്കും വേണ്ടിയുള്ളതാണ് ഈ ഫോം.
4. ITR – 4: 50 ലക്ഷം വരെ ആകെ വരുമാനമുള്ളതും ഇനിപ്പറയുന്ന വിഭാഗങ്ങളിൽ നിന്ന് വരുമാനം ലഭിക്കുന്നതുമായ സ്ഥിരതാമസക്കാരായ എല്ലാ വ്യക്തികൾക്കും HUF-കൾക്കും സ്ഥാപനങ്ങൾക്കും (LLP-കൾ അല്ലാത്തവ) വേണ്ടിയുള്ളതാണ് ഈ ഫോം:
a) 44AD, 44AE, അല്ലെങ്കിൽ 44ADA വകുപ്പ് പ്രകാരം അനുമാന അടിസ്ഥാനത്തിൽ കണക്കാക്കിയ ബിസിനസിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള വരുമാനം
b) ശമ്പളം/പെൻഷനിൽ നിന്നുള്ള വരുമാനം
c) ഒരു ഭവന ആസ്ഥിയിൽ നിന്നുള്ള വരുമാനം
d) മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം
5. ITR – 5: വ്യക്തികൾക്കും HUF-കൾക്കും കമ്പനികൾക്കും ITR 7 ഫോം ഫയൽ ചെയ്യുന്ന വ്യക്തികൾക്കും ITR-5 ഫോം പൂരിപ്പിക്കേണ്ടതില്ല.
എല്ലാ പങ്കാളിത്ത സ്ഥാപനങ്ങളും, LLP-കളും AOP-കളും BOI-കളും AIJP-കളും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും പ്രാദേശിക അധികൃതരും ഈ ഫോമിൽ ഉൾപ്പെടുന്നു. നിക്ഷേപ ഫണ്ടുകൾ, ബിസിനസ് ട്രസ്റ്റുകൾ, മരിച്ചവരുടെ ഭൂസ്വത്തുക്കൾ, പാപ്പരായവർ എന്നീ വിഭാഗങ്ങളിലുള്ളതെല്ലാം ഈ ഫോമിന് കീഴിലാണ് വരുന്നത്.
6. ITR – 6: 11-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയതായി അവകാശപ്പെടുന്നവ ഒഴികെയുള്ള എല്ലാ കമ്പനികൾക്കുമുള്ളതാണ് ഈ ഫോം.
7. ITR – 7: 139(4A), 139(4B), 139(4C), 139(4D), 139(4E), അല്ലെങ്കിൽ 139(4F) (4F) വകുപ്പ് പ്രകാരം റിട്ടേൺ ഫയൽ ചെയ്യേണ്ട വ്യക്തികൾക്കും ബിസിനസുകൾക്കും വേണ്ടിയുള്ളതാണ് ഈ ഫോം. മതപരമായ സംഘടനകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, രാഷ്ട്രീയ സംഘനകൾ, ശാസ്ത്ര ഗവേഷണ സംഘടനകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ശമ്പളമുള്ള ജീവനക്കാരുടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ?
അവസാനമായി, ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന്റെ വ്യത്യസ്‌ത വശങ്ങൾ നിങ്ങൾക്കിപ്പോൾ പരിചിതമായതിനാൽ ശമ്പളമുള്ള ജീവനക്കാർക്ക് ITR എങ്ങനെ ഫയൽ ചെയ്യാം എന്ന് കാണാം. ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി:
ഘട്ടം 1: ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക.
ഘട്ടം 2: പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാൻ നിങ്ങളുടെ ഉപയോക്തൃ ID (PAN), പാസ്‌വേഡ്, കാപ്‌ച കോഡ് എന്നിവ നൽകുക. നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ഉപയോഗിച്ച് അക്കൗണ്ട് സൃഷ്‌ടിക്കാനാകും, ഇത് നിങ്ങളുടെ ഉപയോക്തൃ ഐഡി ആയി ഉപയോഗിക്കാം.
ഘട്ടം 3: ഇ-ഫയൽ വിഭാഗത്തിൽ, ഡ്രോപ്പ് ഡൗൺ ബോക്‌സിൽ നിന്ന് ഉചിതമായ മൂല്യനിർണ്ണയ വർഷം തിരഞ്ഞെടുത്ത് ‘ആദായ നികുതി റിട്ടേൺ’ തിരഞ്ഞെടുക്കുക. ഈ ഘട്ടത്തിൽ നിങ്ങൾ ശരിയായ ആദായ നികുതി റിട്ടേൺ (ITR) ഫോം തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യണം. ITR-1, ITR-2, ITR-3 എന്നിവയാണ് ശമ്പളമുള്ള ജീവനക്കാരുടെ ഓപ്ഷനുകൾ.
ഘട്ടം 4: പുതുക്കിയ റിട്ടേൺ അല്ല നിങ്ങൾ ഫയൽ ചെയ്യുന്നതെങ്കിൽ ഫയലിംഗ് തരമായി ‘ഒറിജിനൽ’ തിരഞ്ഞെടുക്കുക.
ഘട്ടം 5: സമർപ്പിക്കൽ മോഡ് ആയി ‘തയ്യാറാക്കി ഓൺലൈനിൽ സമർപ്പിക്കുക’ തിരഞ്ഞെടുത്ത ശേഷം ‘തുടരുക’ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: നിങ്ങളുടെ വരുമാനങ്ങൾ, കിഴിവുകൾ, ഒഴിവാക്കലുകൾ, നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രസക്തമായ എല്ലാ വിവരങ്ങളും നൽകി ശരിയായ ITR ഫോം പൂർത്തിയാക്കുക. തുടർന്ന് TDS, TCS, മുൻകൂർ നികുതി എന്നിവയിലൂടെ നടത്തിയ നികുതി പേയ്‌മെന്റുകളെ കുറിച്ചുള്ള വിവരങ്ങളും നിങ്ങൾ നൽകണം. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക.
ഘട്ടം 7: അടയ്‌ക്കേണ്ട നികുതി തുക കണക്കാക്കി അടയ്ക്കുക. തുടർന്ന് നിങ്ങളുടെ നികുതി റിട്ടേണിൽ ചല്ലാൻ വിവരങ്ങൾ നൽകുക. (നികുതി ഇനത്തിൽ നിങ്ങൾക്ക് പണമടയ്‌ക്കേണ്ടതില്ലെങ്കിൽ ഈ ഘട്ടം നിങ്ങൾക്ക് ഒഴിവാക്കാം.)
ഘട്ടം 8: നിങ്ങൾ ഫോമിൽ നൽകിയ വിവരങ്ങൾ വീണ്ടും പരിശോധിക്കുക. തുടർന്ന് ‘സമർപ്പിക്കുക’ ബട്ടൺ ക്ലിക്ക് ചെയ്യുക. പൂർത്തിയായി!
ഇങ്ങനെയാണ് ശമ്പളമുള്ള ജീവനക്കാർ ഓൺലൈനിൽ ITR ഫയൽ ചെയ്യേണ്ടത്. ഇ-ഫയലിംഗ് പൂർത്തിയായി എന്ന് സൂചിപ്പിക്കുന്ന ഒരു സന്ദേശം ഈ സമയം നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യമാകും. അതിന് ശേഷം സ്ഥിരീകരണ ഫോം സൃഷ്‌ടിക്കപ്പെടും.
തുടർന്ന് ഈ മാർഗ്ഗങ്ങളിൽ ഒന്ന് ഉപയോഗിച്ച് നിങ്ങളുടെ റിട്ടേൺ സാധൂകരിക്കണം:
- ആധാർ OTP
- ബാങ്ക് അക്കൗണ്ട് നമ്പർ
- ഡീമാറ്റ് അക്കൗണ്ട് നമ്പർ
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
- നെറ്റ് ബാങ്കിംഗ്
- ബാങ്ക് ATM
- സെൻട്രലൈസ്‌ഡ് പ്രോസസിംഗ് സെന്റർ, ബാംഗ്ലൂർ ഓഫീസിലേക്ക് തപാൽ വഴി സ്ഥിരീകരണത്തിന്റെ ഫിസിക്കൽ പകർപ്പ് അയക്കുന്നതിലൂടെ
ഞാൻ നികുതി റിട്ടേൺ എപ്പോൾ ഫയൽ ചെയ്യണം?
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ് (ഫയൽ ചെയ്യേണ്ട ഓരോ സാമ്പത്തിക വർഷവും അവസാനിച്ച ശേഷം വരുന്നത്). ആദായ നികുതി വകുപ്പിന് ഈ അവസാന തീയതി നീട്ടാനുള്ള അധികാരമുണ്ട്.
തൽഫലമായി, 2021 മാർച്ച് 31-ന് അവസാനിച്ച 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാന തീയതി 2021 ഡിസംബർ 31 വരെ നീട്ടി.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതിക്ക് മുമ്പ് നിങ്ങൾക്ക് ഫയൽ ചെയ്യാൻ കഴിയാതെ വരികയോ അവസാന തീയതിക്ക് ശേഷമാണ് നികുതി റിട്ടേൺ ഫയൽ ചെയ്യാൻ താൽപ്പര്യപ്പെടുന്നെങ്കിലോ എന്ത് ചെയ്യണം?
അവസാന തീയതിക്ക് മുമ്പ് പൂർത്തിയാക്കാനായില്ലെങ്കിൽ നിങ്ങൾക്ക് ലേറ്റ്/ബിലേറ്റഡ് റിട്ടേൺ ഫയൽ ചെയ്യാം. പ്രസക്തമായ മൂല്യനിർണ്ണയ വർഷം അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പ് വരെ ലേറ്റ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനാകും.
2020-21 സാമ്പത്തിക വർഷത്തെ നിങ്ങളുടെ ITR ഫയൽ ചെയ്യാൻ 2021 ഡിസംബർ 31 വരെ സമയമുണ്ട്, ഇത് 2022 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നു.
നിങ്ങൾ ITR ഫയൽ ചെയ്യണോ വേണ്ടയോ എന്ന കാര്യം ഇപ്പോൾ മനസ്സിലാക്കിയതിനാൽ, ഓരോ വർഷത്തെയും അവസാന തീയതിക്ക് മുമ്പ് ഈ പ്രക്രിയ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക. (നിയമ വിരുദ്ധമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകില്ലല്ലോ, അല്ലേ?) നിങ്ങളുടെ ആദായ നികുതി ഫയലുകൾ കൂടുതൽ വ്യക്തതയും ദൃഢതയുമുള്ളതാക്കുക.
ആദായ നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യൂ; സഹായം ആവശ്യമെങ്കിൽ വിദഗ്ദ്ധരെ ബന്ധപ്പെടാൻ മടിക്കരുത്.