8 ലോകത്തിലെ അതിസമ്പന്നർ നൽകുന്ന സാമ്പത്തിക ഉപദേശങ്ങൾ - Jar App

October 27, 2022

ഏറ്റവും സമ്പന്നരായ ആളുകളുടെ ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട് സ്വയം ബോധവാന്മാരാകൂ, ജീവിത വിജയം കൈവരിക്കൂ.

കോടീശ്വരൻ ആകുവാനുള്ള രഹസ്യങ്ങൾ അറിയുവാൻ നമുക്കെല്ലാവർക്കും ആഗ്രഹമുണ്ടാകുമല്ലോ. ലോകത്തിലെ ഏറ്റവും ധനികരായുള്ള ആളുകൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പണം കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്ന് അറിയാൻ നമുക്ക് ജിജ്ഞാസയുണ്ട്, ഇല്ലേ? 

‍നിങ്ങളുടെ സാമ്പത്തിക സ്‌ഥിതി എന്തുമായിക്കൊള്ളട്ടെ, അത് മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. ധനികരിൽ നിന്നുള്ള  വ്യക്തിപരമായ സാമ്പത്തിക ഉപദേശങ്ങൾ ഇക്കാര്യത്തിന് വളരെ ഗുണം ചെയ്യും. 

‍അതിനാൽ പണത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം മാറ്റാനും ഈ ധനികരുടെ രീതികൾക്കനുസരിച്ച് പൊരുത്തപ്പെടാനും തയ്യാറാകൂ!

‍ലോകത്തിലെ ഏറ്റവും സമ്പന്നരായവരുടെ, നിങ്ങളുടെ വെൽത്ത്  മാനേജരെ പോലും അസൂയാലുവാക്കാൻ പോന്ന ചില ജീവിതാനുഭവങ്ങളും സാമ്പത്തിക നിർദേശങ്ങളും അറിയുവാൻ നിങ്ങൾ തയ്യാറാണോ?‍ 

‍ 

1. നേരത്തെ തുടങ്ങുക 

‍ 73.3 ബില്യൺ USD യുടെ ആസ്തിക്ക് ഉടമയും മെക്സിക്കോയിലെ ഏറ്റവും ധനികനായ വ്യവസായിയുമായ കാർലോസ് സ്ലിം ഹേലു ഒരിക്കൽ പറഞ്ഞത് "എത്രയും വേഗം പണം നീക്കിവച്ചു തുടങ്ങൂ" എന്നാണത്രെ.

‍നിങ്ങൾ ചെയ്യുന്നത് ഏതു ജോലിയുമായിക്കൊള്ളട്ടെ, എത്രയും വേഗം സമ്പാദ്യ ശീലം തുടങ്ങുന്നുവോ അത്രയും മനോഹരമായിരിക്കും നിങ്ങളുടെ ഭാവി ജീവിതം. 

‍തന്റെ 12-ാം വയസിൽ മെക്സിക്കൻ ബാങ്കിൽ നിക്ഷേപിച്ചു തുടങ്ങിയ അദ്ദേഹം, കൗമാരത്തിൽ തന്നെ ആഴ്ചയിൽ 200 പെസോ വേതനത്തിൽ പിതാവിന്റെ കമ്പനിയിൽ ജോലി ചെയ്തു തുടങ്ങിയിരുന്നു. ‍ 

‍ 

2. നിങ്ങളുടെ ജീവിതം ലളിതമാക്കൂ 

‍1957ൽ  സ്വന്തമാക്കിയ, വെറും $31,500 വിലയുള്ള വീട്ടിൽ വളരെ മിതമായി ജീവിക്കുന്ന ആളാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വിജയം കൈവരിച്ച നിക്ഷേപകരിൽ ഒരാളായ വാറൺ  ബഫേ. യുവതയോടുള്ള അദ്ദേഹത്തിന്റെ ഉപദേശം വളരെ പ്രസിദ്ധമാണ് . "നിങ്ങളുടെ ജീവിതം ഏറ്റവും ലളിതമായി ജീവിക്കുക". നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങളുടെ പുറകെയാണ് നിങ്ങൾ എങ്കിൽ ഒരു കാര്യം ഓർക്കുക നിങ്ങൾ ഇപ്പോഴും ഒരു ഫൈനാൻഷ്യൽ ട്രെഡ്മില്ലിൽ ആണ്, അല്ലാതെ മുകളിലേക്ക് കുതിക്കുന്ന എസ്കലേറ്ററിൽ അല്ല.

‍സ്വന്തം താൽപ്പര്യങ്ങൾ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണെന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങൾ ഒരു ശമ്പളക്കാരനാണെങ്കിൽ പോലും അതിനിടയിലൂടെ നിങ്ങളുടെ താൽപ്പര്യങ്ങൾ കണ്ടെത്തുകയും അതിനായി കുറച്ചു സമയം നീക്കി വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക. ജീവിത വിജയത്തിന് അത് തീർച്ചയായും സഹായകരമാണ്. 

‍ഇന്നത്തെ മാത്സര്യമുള്ള സമൂഹത്തിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ജോലിക്കമ്പോളത്തിൽ നിങ്ങളെ പിന്നോട്ടടിക്കുമെന്നുറപ്പാണ്.‍ 

‍ 

3. അനാവശ്യ ചെലവുകൾ ഒഴിവാക്കൂ 

‍നിങ്ങൾക്ക് ധാരാളം പണമുണ്ടെങ്കിൽ  പോലും ചില ചെലവുകൾ തീർത്തും അനാവശ്യമാണെന്നാണ് IKEA സ്‌ഥാപകൻ ഇംഗ്വാർ  കംപ്രാഡ്  പറയുന്നത്. 

‍മറ്റു പല ധനികരെയും പോലെ പ്രൈവറ്റ് വിമാനത്തിന് പകരം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാൻ താൽപര്യപ്പെടുന്ന അദ്ദേഹത്തിന്റെ കാർ 10 വർഷം പഴക്കമുള്ള വോൾവോ ആണ്. 

‍ആഡംബര കാറുകളോ മതിപ്പുളവാക്കുന്ന സ്‌ഥാനമാനങ്ങളോ യൂണിഫോമുകളോ മറ്റു സ്റ്റാറ്റസ് സിംബലുകളോ നമുക്കാവശ്യമില്ലെന്നും നമ്മൾ ആശ്രയിക്കേണ്ടത് ഇച്ഛാശക്തിയെയും നമ്മുടെ കരുത്തിനേയുമാണെന്നും തന്റെ ഓർമ്മക്കുറിപ്പിൽ അദ്ദേഹം എഴുതിയിരിക്കുന്നു.  

‍ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തമ്മിൽ തരംതിരിക്കുക പ്രധാനമാണെന്നതാണ് അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശം.‍ 

4. ഒരു ബജറ്റ് ഉണ്ടാക്കി അതിൽ നിന്നും വ്യതിചലിക്കാതിരിക്കുക 

‍ബാങ്കേഴ്സ് ലൈഫിന്റെയും ക്യാഷ്വൽറ്റി കമ്പനി ഓഫ് ചിക്കാഗോയുടെയും ഒരേയൊരു ഓഹരി ഉടമയായിരുന്ന ജോൺ  ഡൊണാൾഡ് മക്കാർതറുടെ ആസ്തി 1978-ൽ അദ്ദേഹത്തിന്റെ മരണ സമയത്ത് 1 ബില്യൺ ഡോളർ ആയിരുന്നു  (ഇന്ന് 3.7 ബില്യൺ ). 

‍വളരെ ചെറിയ ഒരു സമ്പാദ്യത്തിൽ നിന്നും കരിയർ ആരംഭിച്ച അദ്ദേഹം തന്റെ മുഴുവൻ ബിസിനസും അതിനു ചുറ്റും വളർത്തിയെടുക്കുകയായിരുന്നു 

‍ആർഭാടത്തിന്റെയും പകിട്ടിന്റെയും ഹോളിവുഡ് കാലഘട്ടത്തിൽ ജീവിച്ചിട്ടും മക്കാർതർ ലളിത ജീവിതം നയിക്കാനാണ് ഇഷ്ടപ്പെട്ടത്. 

‍ആർഭാടത്തിനായി പണം ചെലവിടാൻ തീരെ താല്പര്യമില്ലാതിരുന്ന അദ്ദേഹത്തിന് പ്രസ് ഏജന്റുമാർ ഉണ്ടായിരുന്നില്ല. ജീവിച്ചതാകട്ടെ വെറും 25,000 ഡോളറിന്റെ വാർഷിക ബജറ്റിലും. ‍ 

“നല്ലൊരു ബിസിനസുകാരനായിരിക്കാനുള്ള പ്രധാന മാർഗമാണ് ചെലവ് ചുരുക്കൽ” എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്യമാണ്.  \

5. കടത്തിൽ നിന്നും മുക്തി നേടുക 

“മറ്റുള്ളവരുടെ പണം താൽക്കാലികമായി ഉപയോഗിക്കുന്നതിന് പണം നൽകുന്നത് നിങ്ങളെ ദരിദ്രനാക്കുന്നു. നിങ്ങളുടേത് താൽക്കാലികമായി ഉപയോഗിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നതിന് പണം ഈടാക്കുന്നത് നിങ്ങളെ സമ്പന്നനാക്കുന്നു," മുൻ വാൾസ്ട്രീറ്റ് അനലിസ്റ്റായ സ്റ്റേസി ജോൺസൺ പറയുന്നു.

‍കടം വാങ്ങുക എന്നത് തീർത്തും മോശമായ കാര്യമല്ല, പ്രത്യേകിച്ച് നിലനിൽപ്പിന്റെ പ്രശ്നമാണെങ്കിൽ. എങ്കിലും കഴിയാവുന്നതും കടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും സ്റ്റേസി കൂട്ടിച്ചേർക്കുന്നു. 

‍നിങ്ങളുടെ കടം എത്ര കുറവാണോ അത്രയും മെച്ചപ്പെട്ടതായിരിക്കും നിങ്ങളുടെ സാമ്പത്തിക സ്‌ഥിതി .‍ 

‍ 

6. ദീർഘ കാല വീക്ഷണം പ്രധാനം 

‍“വർഷങ്ങൾക്ക് മുൻപ് ആരോ നട്ട മരമാണ് നിങ്ങളിപ്പോൾ അനുഭവിക്കുന്ന തണൽ.”‍ 

‍ബെർക്ക്‌ഷയർ ഹാത്ത്‌വേയുടെ CEO ആയ വാറൺ ബഫെയുടെ മറ്റൊരു ഉദ്ധരണിയാണിത്. അസ്‌ഥിരമായ ഹ്രസ്വകാല നിക്ഷേപങ്ങളെക്കാൾ മികച്ചത്, സന്തുലിതമായ ദീർഘകാല നിക്ഷേപങ്ങളാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. 

‍കുറഞ്ഞ മൂല്യമുള്ള സ്‌ഥാപനങ്ങളിൽ നിക്ഷേപിച്ച ശേഷം ആ സ്റ്റോക്ക് വളരെക്കാലത്തേക്ക്, ചിലപ്പോൾ ആജീവനാന്തം കൈവശം വയ്ക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. 

‍വിജയകരമായ നിക്ഷേപം പെട്ടെന്ന് പണക്കാരനാകാനുള്ള സംവിധാനമല്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. അതോടൊപ്പം അസാധാരണമാം വിധം ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ട്രെൻഡിങ്  സ്റ്റോക്കുകൾ, പുതിയ സ്റ്റാർട്ട് അപ്പുകൾ, സംശയമുളവാക്കുന്ന നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ച് കൂടി അദ്ദേഹം മുന്നറിയിപ്പ്  നൽകുന്നുണ്ട്.‍ 

7. ലക്ഷ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കുക. അവയിലെത്താൻ അശ്രാന്ത പരിശ്രമം നടത്തുക 

‍$4 ബില്യൺ ആസ്തിയുള്ള, വിർജിൻ ഗ്രൂപ്പ് സ്‌ഥാപകനും ബ്രിട്ടിഷ് കോടീശ്വരനുമായ റിച്ചാർഡ് ബ്രാൻസണ് ഒരിക്കൽ ഒരു പറ്റം  ലക്ഷ്യങ്ങൾ മാത്രമേ കൈമുതലായുണ്ടായിരുന്നുള്ളൂ. 

അവയിൽ മിക്കതും യാഥാർഥ്യബോധമുള്ളവ അല്ലായിരുന്നിട്ട് കൂടി അദ്ദേഹം ആ ലക്ഷ്യങ്ങൾ പിന്തുടർന്നു. ഈ ലക്ഷ്യങ്ങൾ സൃഷ്ടിച്ചപ്പോൾ, വരും കാലത്ത് അതെവിടെയെത്തി നിൽക്കുമെന്ന് അദ്ദേഹത്തിന് ഒരു ധാരണയുമില്ലായിരുന്നു.  ‍ 

ന്യൂഏജ് സ്‌പേസ് ടൂറിസം പര്യവേഷണത്തിന്റെ മുൻഗാമി ആയി ബ്രാൻസൺ 17 വർഷം മുൻപ് തുടങ്ങി വച്ച പദ്ധതിയുടെ സൂചകമായി ബഹിരാകാശത്തേക്ക് വരെ പറന്നെത്തി ഇന്ന് അദ്ദേഹം. 

‍ തന്റെ ലിങ്ക്ഡ്ഇൻ ന്യൂസ് ലെറ്ററിൽ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് "സംശയങ്ങൾ എന്റെ ഉള്ളിൽ ഉടലെടുക്കുമ്പോൾ സ്വപ്‌നങ്ങൾ നേർരേഖയിലുള്ളവ അല്ലെന്ന് ഞാൻ എന്നെ തന്നെ ഓർമ്മിപ്പിക്കും". 

‍ 

8. നിങ്ങളുടെ പണം ബാങ്കിലിടാതിരിക്കൂ. പകരം മറ്റെന്തിലെങ്കിലും നിക്ഷേപിക്കൂ.‍ 

മൈക്രോസോഫ്റ്റ്  സ്‌ഥാപകനായ ബിൽ ഗേറ്റ്സിനെ അറിയാത്തവരായി ആരുണ്ട്? $150 ബില്യൺ ആസ്തിയുള്ള അദ്ദേഹം ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ കൂടി പ്രശസ്തനാണ്.  

‍മറ്റു കോടീശ്വരന്മാരെപോലെ ഗേറ്റ്സും തന്റെ പണം ബാങ്കിലിടുന്നതിനു പകരം ക്രയവിക്രയം നടത്താൻ ആണ് താൽപര്യപ്പെടുന്നത്. 

‍“പണം, പണമായി തന്നെ സൂക്ഷിക്കുന്ന പ്രതിരോധാത്മകമായ നടപ്പുരീതി അല്ല ഞങ്ങളുടേത്." 

‍"നിക്ഷേപത്തിൽ ഞാൻ ഉപയോഗിച്ച തന്ത്രം ഓഹരികളിൽ 60% നു മേൽ നിക്ഷേപിക്കുക എന്നതാണ് ". 2019-ൽ ബ്ലൂംബെർഗിന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു.

‍റിയൽ എസ്റ്റേറ്റ് , സാമ്പത്തിക ആസ്തികൾ, വസൂലാക്കാൻ കഴിയുന്ന മറ്റു വസ്തു വകകൾ എന്നിങ്ങനെ വ്യത്യസ്തമായ നിക്ഷേപ പോർട്ട്‌ഫോളിയോയിലൂടെ അദ്ദേഹം തന്റെ ആസ്തി സുരക്ഷിതമാക്കിയിരിക്കുന്നു.  

‍"നിങ്ങളുടെ കൈവശമുളള എല്ലാ മുട്ടയും ഒരു കുട്ടയിൽ തന്നെ സൂക്ഷിക്കരുത്" എന്നൊരു ഇംഗ്ലീഷ് പഴംചൊല്ലുണ്ട്. ‍ 

സമ്പന്നർ ഒരിക്കലും അവരുടെ മുഴുവൻ പോർട്ട്‌ഫോളിയോയും ഒന്നോ രണ്ടോ ഓഹരികളിലായി നിക്ഷേപിക്കില്ല.

‍അതുകൊണ്ടു തന്നെ നിരവധി ആസ്തികൾ, സ്റ്റോക്കുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡ് എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ നിലനിർത്തേണ്ടത് നിർണായകമാണ്. 

ബിസിനസ് അസറ്റുകൾ, റിയൽ എസ്റ്റേറ്റ്, വസൂലാക്കാൻ കഴിയുന്ന മറ്റു വസ്തുവകകൾ എന്നിവയെല്ലാം നിങ്ങളുടെ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാം. ‍ 

‍ 

അന്തിമ വീക്ഷണങ്ങൾ ‍ 

‍സമ്പന്നരും വിജയം കൈവരിച്ചവരുമായ ആളുകളിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. അവരോരോരുത്തരും കമ്പോളത്തിൽ വിദ്യാർഥികളും പിന്നീട് നേതാക്കളുമായവരാണ്. 

‍പ്രവർത്തിച്ചും പരാജയപ്പെട്ടും പാഠം പഠിച്ചുമെല്ലാമാണ് നമ്മൾ ഓരോ കാര്യങ്ങൾ മനസിലാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം നമ്മിൽ നിക്ഷിപ്തമാണ്. എന്ത് പഠിക്കണം, പണത്തെ എങ്ങനെ നോക്കിക്കാണണം എന്നതെല്ലാമാണ് പ്രധാനം. 

‍ഇപ്പോൾ ലോകത്തെ അതിസമ്പന്നരിൽ നിന്നുമുള്ള സാമ്പത്തിക ഉപദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു. ഇവ എങ്ങനെയാണ് നിങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പോകുന്നത്?

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.